Thursday, August 24, 2006

ചിക്കന്‍ കോര്‍ണര്‍


കുഞ്ഞന്‍ കൂടിനു മുന്നിലെ അഴികളിലൂടെ എത്തി നോക്കി. അമ്മ അവിടെ കൂട്ടില്‍ നിന്നു അരി കൊത്തിത്തിന്നുകയാണ്‌. ശ്ശെ, നോക്കുന്നില്ല. കുഞ്ഞന്‍ നിരാശയോടെ കൂടിന്റെ പിന്നിലേക്കു നടന്നു. ഹൊ! ആ തടിയന്റെ തീറ്റ കണ്ടില്ലേ, ചീര്‍ത്തു ചീര്‍ത്തു വരുന്നുണ്ട്‌. അമ്മ പറഞ്ഞിട്ടുണ്ട്‌, ആവശ്യത്തിനേ തിന്നാവൂന്ന്‌, അല്ലെങ്കില്‍ അവന്മാര്‍ പിടിക്കും. അമ്മയെ മിനഞ്ഞാന്നാണ്‌ വേറെ കൂട്ടിലേക്കു മാറ്റിയത്‌. പാവം, ഒരു പാടു കരഞ്ഞു, അയാളുടെ കയ്യിലിരുന്നു എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കുണ്ടായിരുന്നു. അയാള്‍ ദുഷ്ടനാണ്‌, കൂടെക്കൂടെ ഓരോരുത്തരെ പിടിച്ചു കൊണ്ടു പോകും. എന്നിട്ട്‌ ആ കത്തികൊണ്ട്‌ കഴുത്തു മുറിക്കും. പാവം കിടന്നു പിടയ്ക്കും, എന്നിട്ട്‌ ആ വലിയ കൂടയ്ക്കുള്ളില്‍ കിടന്ന്‌ ഓടും, തലയില്ലാതെ. ഹൊ! ഓര്‍ക്കാന്‍ കൂടി വയ്യ. കഴുത്തു മുറിക്കുന്നതു തടിയന്‍ കണ്ടിട്ടുണ്ടത്രെ. അമ്മ ആ സമയത്തു എന്നെ ചിറകിനു പിന്നില്‍ ഒളിപ്പിക്കും, അയാള്‍ പിടിയ്ക്കാന്‍ വരുമ്പോഴും അതെ. ഒന്നും കാണാന്‍ സമ്മതിക്കില്ല. ഇനിയത്തെ തവണ എന്തായാലും കാണാം. അമ്മ ഇപ്പോള്‍ വേറെ കൂട്ടിലല്ലേ. എങ്കിലും... അമ്മയുണ്ടായിരുന്നെങ്കില്‍.

ആ പാത്രം നിറയെ തീറ്റയാണ്‌. എങ്ങിനെ തിന്നാതിരിയ്ക്കും, നല്ല രുചിയാണ്‌. കുഞ്ഞന്‍ ആവേശത്തോടെ കൊത്തിത്തിന്നാന്‍ തുടങ്ങി. ങും... കൊള്ളാം. ഇടയ്ക്കൊന്നു നിറുത്തി അവന്‍ തലയുയര്‍ത്തി നോക്കി. അമ്മ തന്നേയും നോക്കി കൂട്ടിന്റെ അഴിയ്ക്കരികില്‍ നില്‍ക്കുകയാണ്‌. അമ്മയുടെ മുഖത്ത്‌ എന്തോ പേടി പോലെ. എന്തു പറ്റിയോ എന്തോ. അവന്‍ ചിറകിട്ടടിച്ചു. അമ്മയും സന്തോഷത്തോടെ ചിറകിട്ടടിച്ചു. അവനു സന്തോഷമായി. അവന്‍ വെള്ളത്തിനു നേരെ തിരിഞ്ഞു. കുറച്ചു വെള്ളം കുടിച്ചു.

പെട്ടെന്ന്‌ അമ്മയുടെ ശബ്ദം. അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. അമ്മ എന്തോ പറയാന്‍ ശ്രമിക്കുകയാണ്‌.
എന്താണ്‌ ? ഉള്ളിലേക്കു പോകാനോ ? എന്തു പറ്റി ?
എന്തായാലും അകത്തേക്കു ഓടുക തന്നെ. അവന്‍ കഴിയുന്നിടത്തോളം പെട്ടെന്ന്‌ കൂടിന്റെ പിന്‍ വശത്തേയ്ക്കു ഓടി. അയ്യോ, കൂടു തുറക്കുന്നു. തീറ്റ വയ്ക്കാനാണോ. ആവില്ല, ഒരു പാട്‌ ബാക്കിയുണ്ട്‌. അയാളുടെ കൈ കാലിയാണ്‌. കൂടിന്റെ ഉള്ളില്‍ അയാള്‍ പരതുകയാണ്‌. തന്റെ നേര്‍ക്കു വരുന്നുണ്ട്‌, അവന്‍ കുറേക്കൂടി പിന്നിലേയ്ക്കു പതുങ്ങി. ഹൊ!, ആ തടിയനെ പിടികൂടി. പാവം ഉച്ചത്തില്‍ നിലവിളിയ്ക്കുന്നുണ്ട്‌. അവന്‍ ചിറകിട്ടടിച്ചു, പക്ഷേ, രക്ഷയില്ല. അവനെ അയാള്‍ പുറത്തേയ്ക്കു വലിച്ചെടുത്തു. തടിയന്റെ നിലവിളി പുറത്തേക്കു അകന്നകന്നു പോയി. കൂടിനു വെളിയില്‍ നിന്നാല്‍ ഒരു പക്ഷെ കഴുത്തു മുറിക്കുന്നതു കാണാന്‍ കഴിഞ്ഞേക്കും. അവന്‍ കൂടിന്റെ വാതില്‍ക്കലേയ്ക്ക്‌ നീങ്ങി നിന്നു വെളിയിലേയ്ക്കു നോക്കി. തടിയന്റെ കഴുത്ത്‌ അയാള്‍ പിന്നിലേക്കു മടക്കി വച്ചിരിക്കുകയാണ്‌. തടിയന്‌ അനങ്ങാന്‍ കഴിയുന്നില്ല. അയാള്‍ കത്തിയെടുത്തു.. അവന്റെ കഴുത്തു മെല്ലെ മെല്ലെ മുറിക്കുകയാണ്‌. അവന്‍ പിടച്ചു തുടങ്ങി. ഹൊ! അയാള്‍ക്ക്‌ പെട്ടെന്നു മുറിച്ചുകൂടെ. പാവം... കുഞ്ഞന്‍ തിരിഞ്ഞു നടന്നു. ഒരു ശബ്ദം കേള്‍ക്കുന്നുണ്ട്‌. അവന്‍ തലയില്ലാതെ ഓടി നടക്കുന്നുണ്ടാവും. കാണാന്‍ വയ്യ, പേടിയാവുന്നു. അവന്‍ പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ അമ്മയെ നോക്കി. അമ്മ അവനെ തന്നെ നോക്കി നില്‍ക്കുകയാണ്‌. തടിയനെ പിടിയ്ക്കാന്‍ വന്നപ്പോള്‍ അമ്മ പേടിച്ചിട്ടുണ്ടാകും, പാവം അമ്മ.


അയ്യോ! വാതില്‍ വീണ്ടും തുറക്കുന്നു. അയാളുടെ കൈ. ഇത്തവണ തീര്‍ച്ചയായും തന്റെ നേര്‍ക്കു തന്നെ. ചിറകുകള്‍ വിറയ്ക്കുന്നു. അയാളുടെ വലിയ കൈകളില്‍ അവന്‍ കുടുങ്ങി. അവന്‍ ചിറകിട്ടടിച്ചു, രക്ഷയില്ല. അയാള്‍ അവന്റെ കഴുത്തു വളച്ചു പിടിച്ചു. അയ്യോ! അവന്‍ അമ്മയെ നോക്കി. അമ്മ കൂട്ടില്‍ കിടന്നു ബഹളമുണ്ടാക്കുകയാണ്‌. അവന്‍ ഉച്ചത്തില്‍ വിളിച്ചു.

"അമ്മേ...അമ്മേ...!!"

അവനെ അയാള്‍ ത്രാസില്‍ കൊണ്ടു വച്ചു. അവന്‍ ആ വലിയ തട്ടില്‍ ചരിഞ്ഞു കിടന്നു. പിന്നിലെവിടെയോ അമ്മയുടെ ഒച്ച കേള്‍ക്കാം. അനങ്ങാന്‍ കൂടി വയ്യ, ചിറകുകള്‍ പിണച്ചു വച്ചിരിയ്ക്കുകയാണ്‌. അയാള്‍ അവനെ തട്ടില്‍ നിന്നും എടുത്തു. അവന്‍ തലയുയര്‍ത്തി നോക്കി. അയാളുടെ കയ്യില്‍ കത്തിയുണ്ട്‌. അമ്മ ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും... അവന്റെ കണ്ണു നിറഞ്ഞു. കഴുത്തില്‍ എന്തോ ഒരു തണുപ്പ്‌. അവന്‍ കണ്ണുകള്‍ ഇറുകെയടച്ചു, അമ്മയുടെ ചിറകുകള്‍ക്കിടയില്‍ ഇതു പോലെ ഇരുട്ടാണ്‌. അവിടെ നിന്നാല്‍ പിന്നെ ആരും ഒന്നും ചെയ്യില്ല. അവന്‍ ആശ്വസിച്ചു. പിന്നെ...

Friday, August 18, 2006

ഞാന്‍ മരിക്കാന്‍ കിടക്കുകയാണ്‌. ഭാര്യ അടുത്തിരുന്നു കരയുന്നുണ്ട്‌. മോള്‍ ഇതു വരെ വന്നിട്ടില്ല.
ബന്ധുക്കളൊക്കെ ആളുകളെ വിളിച്ചു കൂട്ടുന്ന തിരക്കിലാണ്‌. ഫോണിനു വിശ്രമമില്ല. 'ഈശ്വരാ, ഈ മാസത്തെ ബില്ല്‌ ആരടയ്ക്കും ? '
ഞാന്‍ മരിക്കും എന്നു എങ്ങിനെയാണ്‌ ഇവര്‍ ഉറപ്പിച്ചതെന്നറിയില്ല. എന്തായാലും ഇവിടുത്തെ ബഹളം കണ്ടിട്ട്‌ ഉടനെ ഉറപ്പാണ്‌.

ഭാര്യയുടെ കരച്ചില്‍ കണ്ടിട്ടു സഹിക്കുന്നില്ല. ഞങ്ങളൊരുമിച്ചു എത്ര മരണങ്ങള്‍ക്കു പോയതാണ്‌. അവിടുത്തെയൊക്കെ സ്ത്രീകളുടെ കരച്ചില്‍ കണ്ട്‌ അവള്‍ കണ്ണു തുടക്കുന്നതു കണ്ടിട്ടുണ്ട്‌. ഒരു പക്ഷെ അന്നൊന്നും അവള്‍ കരുതിയിരിക്കില്ല അവള്‍ക്കും ഇതു പോലെ ഒരു അവസരം വരുമെന്ന്‌.

ഹൊ! ഈ ഫാനിന്‌ എന്തൊരു കാറ്റ്‌, സ്പീഡ്‌ ഒന്നു കുറച്ചിട്ടുകൂടെ. ആരോടുപറയാന്‍, ഈശ്വരാ വായ തുറക്കാന്‍ പോലും പറ്റുന്നില്ലല്ലൊ.

ഒരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം. മോഹനന്റെ അംബാസഡറാണെന്നു തോന്നുന്നു. നോക്കട്ടെ, എന്തായാലും അകത്തു വരും. ഇവരെയൊക്കെ സ്വീകരിച്ചിരുത്താന്‍ കൊതിയാകുന്നു. എഴുന്നേല്‍ക്കാന്‍ പോയിട്ട്‌ അനങ്ങാന്‍ പോലും വയ്യ. ഈശ്വരാ! ഊഹം തെറ്റിയില്ല, മോഹനന്‍ തന്നെ. അവന്റെ മുഖത്ത്‌ വല്ലാത്ത വിഷമം. കഷ്ടം, പെട്ടെന്നു തിരിഞ്ഞു നടന്നു. അവനു എന്റെ കിടപ്പു കാണാന്‍ വയ്യെന്നു തോന്നുന്നു. ആരൊക്കെയോ വാതില്‍ക്കല്‍ വരെ വന്നു നോക്കിയിട്ടു പോകുന്നുണ്ട്‌. കാണാന്‍ വയ്യ.

പുറത്തു ഒരുപാട്‌ ആള്‍ക്കാരുടെ ശബ്ദവും ബഹളവും കേള്‍ക്കുന്നു. ജോസഫ്‌ മരിച്ചപ്പോള്‍ ഉണ്ടായിരുന്ന അത്ര തിരക്കുണ്ടാകുമോ ? എന്തൊരു ജനക്കൂട്ടമായിരുന്നു അന്ന്‌. എന്തെല്ലാം ഓര്‍മ്മകളാണ്‌.
ചെറുതായി ശ്വാസം മുട്ടുന്നതു പോലെ തോന്നുന്നു. ഇനിയിപ്പോള്‍ മരിക്കുമായിരിക്കും... പക്ഷെ ഇതു കുറേ നേരമായല്ലോ, ഇതുവരെ മരിച്ചില്ലല്ലൊ, ഒരു പക്ഷെ മരിച്ചിട്ടുണ്ടാവുമോ ? ചിലപ്പോള്‍ ഇങ്ങനെ കുറേ നേരം കിടക്കുമായിരിക്കും. ഇതൊക്കെ ആരറിയുന്നു. നോക്കട്ടെ, ഇനി മറ്റെന്തു പണി.


ഭാര്യയുടെ നിലവിളി പെട്ടെന്ന് ഉച്ചത്തിലായി, എന്തു പറ്റി ? മോഹനന്റെ ഭാര്യ ആശ്വസിപ്പിക്കുന്നുണ്ട്‌, 'ഇതൊക്കെ നമുക്കു, മുന്‍പേ തീരുമാനിച്ചല്ലേ പറ്റൂ...' ഓ! ശവക്കുഴി എവിടെ തോണ്ടണമെന്ന ചര്‍ച്ചയാവും പുറത്ത്‌, അതു ചോദിച്ചതിനാണ്‌ അവള്‍ കരഞ്ഞത്‌. ആ തൊഴുത്തിന്റെ അടുത്തോ മറ്റൊ കുഴിച്ചിട്ടു കളയുമോ ? ഓ, ചത്തു കഴിഞ്ഞാല്‍ പിന്നെ എന്തോന്ന്‌ സുഖവും അസുഖവും.


ശ്വാസം മുട്ട്‌ കുറഞ്ഞു, ഓ അപ്പോള്‍ മരിച്ചിട്ടില്ല. ഈശ്വരാ ഇത്രയും ആള്‍ക്കാര്‍ കൂടിയിട്ട്‌, ഇനി മരിച്ചില്ലെങ്കില്‍...... ഞാനെങ്ങിനെ ആള്‍ക്കാരുടെ മുഖത്ത്‌....